ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പോളിസിയായ സ്റ്റാര്‍ ഹെല്‍ത്ത് പ്രോ പുറത്തിറക്കി

കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് 5 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ പരിരക്ഷ നല്‍കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പോളിസിയായ സ്റ്റാര്‍ ഹെല്‍ത്ത് പ്രോ പുറത്തിറക്കി. അധിക പരിരക്ഷയ്ക്കായി 5 ഓപ്ഷണല്‍ തെരഞ്ഞെടുപ്പുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.

ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ അണ്‍ലിമിറ്റഡ് ഓട്ടോമാറ്റിക് റീസ്റ്റോറേഷന്‍, ക്യുമുലേറ്റീവ് ബോണസ് ബൂസ്റ്റര്‍, റൂം വിഭാഗത്തിന്‍റെ പുതുക്കല്‍, നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിലെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കല്‍, നോണ്‍-മെഡിക്കല്‍ ഇനങ്ങള്‍ക്കുള്ള പരിരക്ഷ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പരിരക്ഷാ തുക എത്ര തവണ വേണമെങ്കിലും 100 ശതമാനം വരെ പുനസ്ഥാപിക്കാന്‍ ഇതില്‍ അവസരം ലഭിക്കും. ഇങ്ങനെ പുനസ്ഥാപിക്കുന്ന പരിരക്ഷാ തുക പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ പ്രയോജനപ്പെടുത്താം. പരിരക്ഷാ പരിധി മുഴുവനായോ ഭാഗികമായോ ഉപയോഗിക്കുന്ന വേളയില്‍ ഇങ്ങനെ പുനസ്ഥാപിക്കാനാവും.

ക്ലെയിമുകള്‍ ഇല്ലാത്ത വര്‍ഷത്തില്‍ പരിരക്ഷാ തുകയുടെ 50 ശതമാനം കൂട്ടിച്ചേര്‍ക്കപ്പെടും. ഇങ്ങനെ 600 ശതമാനം വരെ ബൂസ്റ്റര്‍ ആയി നേടാം. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് മുറിയുടെ വിഭാഗം പ്രൈവറ്റ് എസി മുറിയില്‍ നിന്ന് ഏതു മുറിയിലേക്കും ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാനാവും.

നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിലുള്ള കാത്തിരിപ്പു കാലം 48 മാസമെന്നതില്‍ നിന്ന് 36, 24, 12 എന്നിങ്ങനെയുള്ള മാസങ്ങളായി കുറക്കാം. നോണ്‍ മെഡിക്കല്‍ ഇനങ്ങളായ കണ്‍സ്യൂമബിള്‍സ് സാധാരണയായി പരിരക്ഷയുടെ പരിധിക്കു പുറത്തായിരിക്കും. പുതിയ തെരഞ്ഞെടുക്കാവുന്ന പരിരക്ഷയോടെ ഇവയും ക്ലെയിം ലഭിക്കുന്ന വിഭാഗത്തിലാവും.

ഈ പോളിസി ഒറ്റയ്ക്കോ രണ്ട് മുതിര്‍ന്നവരും മൂന്നു കുട്ടികളും വരെയുള്ള കുടുംബത്തിനായോ എടുക്കാം. ആയുഷ്, വീട്ടിലുള്ള ചികില്‍സ തുടങ്ങിയവയും ഇതിന്‍റെ പരിധിയില്‍ പെട്ടതാണ്.

ഈ ഡിജിറ്റല്‍ നീക്കത്തിലൂടെ സമഗ്ര പരിരക്ഷയും കുടുംബങ്ങള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ചു ക്രമീകരിക്കാവുന്ന പോളിസിയും ആണു ലഭിക്കുന്നതെന്ന് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. സ്റ്റാര്‍ ഹെല്‍ത്ത് പ്രോ കേവലം ഇന്‍ഷുറന്‍സ് മാത്രമല്ല, മനസമാധാനം കൂടിയാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *