വീരമൃത്യുവരിച്ച ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി; ശവസംസ്‌കാരം അല്‍പസമയത്തിനകം

കൊയിലാണ്ടി: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ചടങ്ങുകൾ തുടങ്ങി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കര ചടങ്ങ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുദർശനം ഒഴിവാക്കി.

പൊതുജനങ്ങൾ സൈനികന്റെ വീട്ടിലേക്ക് വരാതിരിക്കാൻ വെള്ളിയാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്തനിയന്ത്രണങ്ങൾ പോലീസിന്റെ സഹായത്തോടെ നടത്തിയിരുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി വെള്ളിയാഴ്ച വൈകീട്ട് ശ്രീജിത്തിന്റെ വീട്ടിലെത്തി അച്ഛൻ വത്സൻ, അമ്മ ശോഭന, ഭാര്യ ഷജിന, മക്കളായ അതുൽജിത്ത്, തൻമയ ലക്ഷ്മി, സഹോദരൻ അനൂപ് എന്നിവരെ ആശ്വസിപ്പിച്ചു

കെ. മുരളീധരൻ എം.പി., കാനത്തിൽ ജമീല എം.എൽ.എ., പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, തഹസിൽദാർ സി.പി. മണി, കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഭാര്യ ഷജിനയെയും രണ്ട് മക്കളേയും വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണവിവരം അറിയിച്ചത്. ജമ്മുകശ്മീരിൽ രജൗരി ജില്ലയിലെ സുന്ദർബനി സെക്റ്ററിൽ പാക്കിസ്താൻ അതിർത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാർ എം. ശ്രീജിത്ത് അടക്കം രണ്ടുജവാൻമാർ വീരമൃത്യു വരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *