ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന പ്രധാനികളും സ്വകാര്യ സ്വത്ത് പോലെ ഉപയോഗിച്ചെന്ന് സുപ്രീം കോടതി നിയോഗിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തെയും സംസ്ഥാന സര്‍ക്കാരിനെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഇതുവരെ തുറന്ന് മൂല്യനിര്‍ണയം നടത്താത്ത ബി നിലവറ തുറക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ബി നിലവറ തുറക്കുന്നതിനെ എതിര്‍ത്ത തിരുവിതാംകൂര്‍ രാജകുടുംബം ഇതിന് കാരണമായി പറഞ്ഞത് ദോഷമുണ്ടാകുമെന്നാണ്. എന്നാല്‍ 2007ല്‍ രാജകുടുംബം ഈ നിലവറ തുറന്ന് ഫോട്ടെയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. അപ്പോള്‍ കണക്കെടുപ്പിനായി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നത് ശരിയല്ല. 2007ല്‍ ബി നിലവറയുള്ളവ ഉള്‍പ്പെടെ തുറക്കുന്നതിന് അന്തരിച്ച മാര്‍ത്താണ്ഡവര്‍മ്മ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായ ഭരണസമിതിക്ക് പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസംവിധാനം രൂപീകരിക്കാനും ക്ഷേത്രത്തിലെ കണക്കുകളില്‍ വന്‍തോതിലുള്ള കൃത്രിമം കണ്ടെത്താന്‍ മുന്‍ സി എ ജി വിനോദ് റായിയെ ചുമതലപ്പെടുത്തണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്രം ട്രസ്റ്റിന്റെ എല്ലാ സ്വത്തുക്കളും രേഖകളും എത്രയും പെട്ടെന്ന് മുദ്രവച്ച് കോടതിയില്‍ അതിന്റെ താക്കോല്‍ കൈമാറണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍വീഴ്ചയും ക്രമക്കേടുകളുമാണ് നടന്നിരിക്കുന്നതെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി. കണക്കില്‍പ്പെടാത്ത സ്വര്‍ണവും സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ അടക്കമുള്ളവയും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഇവിടെയുള്ള നിധിശേഖരത്തിലെ യഥാര്‍ത്ഥ സ്വര്‍ണം മാറ്റി പകരം വ്യാജവസ്തുക്കള്‍ സ്വര്‍ണം പൂശി തിരികെ വയ്ക്കുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉന്നത ബന്ധമുള്ളവര്‍ ഇവിടെനിന്നും സ്വര്‍ണം കടത്തിയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജാവും കുടുംബാംഗങ്ങളും ക്ഷേത്രജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെയും ഭക്തരെയും ഭയപ്പെടുത്തുകയും ചെയ്യുന്നു. കൊട്ടാരത്തിലെ അംഗങ്ങള്‍ ക്ഷേത്രജീവനക്കാരെ വിവിധതരത്തില്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയ എല്ലാ നിലവറകളും മുദ്രവച്ച് അതിന്റെ താക്കോല്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് കൈമാറണം. എല്ലാ നിലവറകളുടെയും അകത്തും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം. പുതിയ ഭരണസമിതിയെക്കുറിച്ചും വ്യക്തമായ ചിത്രമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.
FLASHNEWS