‘എനിക്ക് ഇന്ത്യയ്ക്കായി ഒരിക്കല്‍ കൂടി കളിക്കണം;ദിനേഷ് കാര്‍ത്തിക്

ഐപിഎല്‍ 15ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. ആര്‍സിബിയെ ഒറ്റയ്ക്ക് ഡികെ തോളിലേറ്റുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാകുമ്പോള്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. രാജ്യത്തിനായി ഒരിക്കല്‍ കൂടി കളിക്കണമെന്ന് കാര്‍ത്തിക് ഡല്‍ഹിക്കെതിരായ മത്സര ശേഷം പറഞ്ഞു.

‘എന്റെ മുന്നില്‍ വലിയ ലക്ഷ്യമാണുള്ളത്. കഠിനമായിത്തന്നെ ഞാന്‍ അതിനായി പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. എന്നാല്‍ രാജ്യത്തിനായി സവിശേഷമായത് ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ചെയ്യുകയാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഒരു പാതയാണിത്’ കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ ഇടം പിടിക്കുകയാണ് ലക്ഷ്യമെന്ന് കാര്‍ത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇതിനൊത്ത പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. മുന്‍നിര സൂപ്പര്‍ താരങ്ങളെക്കാളും ഏറെ മുന്നിലാണ് ഡികെ. വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ കളിച്ച് വിരമിക്കാനാണ് താരത്തിന്‍റെ കണക്കൂട്ടല്‍ എന്നാണ് കരുതുന്നത്.

ആറ് മത്സരത്തില്‍ നിന്ന് 197 റണ്‍സാണ് 36കാരനായ കാര്‍ത്തിക് ഇത്തവണത്തെ ഐപിഎല്ലില്‍ ഇതുവരെ നേടിയിട്ടുള്ളത്. സ്ട്രൈക്കറേറ്റ് 209.57 ആണ്. ഡല്‍ഹിക്കെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ 34 പന്തില്‍ പുറത്താവാതെ അഞ്ച് വീതം ഫോറും സിക്സും സഹിതം 66 റണ്‍സാണ് കാര്‍ത്തിക് നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *