കോവിഡ് മൂലം മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക വായ്പ: അപേക്ഷിക്കാം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അർഹരായ പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനർജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പയും, നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പാക്കുന്നത്. കോവിഡ് പിടിപ്പെട്ട് മരിച്ച പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയിൽ വായ്പയ്ക്ക് അപേക്ഷിക്കാം.
പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക് ആറു ശതമാനം ആയിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ അധികരിക്കരുത്.
പ്രധാന വരുമാനദായകൻ മരിച്ചത് കോവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ ആധികാരികമായ രേഖ അപേക്ഷകൻ ഹാജരാക്കണം. മാത്രമല്ല, കോർപ്പറേഷന്റെ നിലവിലെ മറ്റു വായ്പാ നിബന്ധനകൾ പാലിക്കുന്നതിനും അപേക്ഷകർ ബാധ്യസ്ഥനായിരിക്കും. താൽപ്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ അതാത് ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. തിരുവനന്തപുരം ജില്ലാ ഓഫീസ്: അയ്യൻകാളി ഭവൻ, വെള്ളയമ്പലം, ഫോൺ: 0471 2723155.

Spread the love

Leave a Reply

Your email address will not be published. Required fields are marked *