
2014നുശേഷം ആദ്യമായി റയല്‍ മാഡ്രിഡിന് സ്പാനിഷ് കിങ്സ് കപ്പ്. കടുത്ത പോരാട്ടത്തില്‍ ഒസാസുനയെ 2–-1ന് തോല്‍പ്പിച്ചായിരുന്നു റയലിന്റെ കിരീടനേട്ടം.ബ്രസീലുകാരന്‍ റോഡ്രിഗോ റയലിനുവേണ്ടി ഇരട്ടഗോളടിച്ചു.ഒസാസുന ചരിത്രത്തില്‍ രണ്ടാംതവണമാത്രമാണ് കിങ്സ് കപ്പ് ഫൈനലില്‍ കടന്നത്. 103 വര്‍ഷത്തിനിടെ ആദ്യ കിരീടം തേടിയിറങ്ങിയ ഒസാസുന പൊരുതിയെങ്കിലും റയലിനെ മറികടക്കാനായില്ല. മുന്നേറ്റനിരയ്ക്ക് മൂര്‍ച്ചയില്ലാത്തത് തിരിച്ചടിയായി.
ലൂകാസ് ടോറോയാണ് ഒരു ഗോള്‍ മടക്കിയത്. പ്രതീക്ഷയോടെ ഇറങ്ങിയ ഒസാസുനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടി കിട്ടി. 106 സെക്കന്‍ഡില്‍ റയല്‍ മുന്നില്‍. സ്പാനിഷ് കപ്പില്‍ 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗമേറിയ ഗോള്‍.ഒരിടവേളയ്ക്കുശേഷം വിനീഷ്യസ് ജൂനിയര്‍ റയല്‍ നിരയിലേക്ക് തിരിച്ചെത്തിയത് അവരുടെ നീക്കങ്ങള്‍ക്ക് കൃത്യത നല്‍കി. സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനോട് തോറ്റ ടീമില്‍ അഞ്ച് മാറ്റങ്ങളാണ് റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടി നടത്തിയത്. ഒസാസുനയ്ക്കെതിരെ തുടക്കംമുതല്‍ വിനീഷ്യസ് മിന്നുന്ന കളി പുറത്തെടുത്തു. ഇടതുപാര്‍ശ്വത്തില്‍ കുതിപ്പ് നടത്തി.

ഈ ബ്രസീലുകാരന്റെ നീക്കമാണ് ആദ്യ ഗോളിന് വഴിതുറന്നത്. ഇടതുഭാഗത്ത് ഒസാസുന പ്രതിരോധ കളിക്കാരനെ മറികടന്ന വിനീഷ്യസ് ഗോള്‍മുഖത്തുള്ള റോഡ്രിഗോയിലേക്ക് പന്തൊഴുക്കി. റോഡ്രിഗോ റയലിന് ലീഡും നല്‍കി. പിന്നാലെ കരിം ബെന്‍സെമയുടെ നീക്കത്തെ സെര്‍ജിയോ ഹെരേര തടഞ്ഞു. മറുവശത്ത് ഒസാസുന താരം ജഗോബ അറാസറ്റെ സമനില ഗോളിന് അടുത്തെത്തിയെങ്കിലും പന്ത് ബാറിനുമുകളിലൂടെ പറത്തുകയായിരുന്നു. ഇടവേളയ്ക്കുമുമ്ബുള്ള ശ്രമങ്ങളെല്ലാം പാഴായി.
എന്നാല്‍, രണ്ടാംപകുതിയുടെ തുടക്കത്തില്‍ അവര്‍ തിരിച്ചടിച്ചു. ടോറോ ലക്ഷ്യംകണ്ടു. കളി തീരാന്‍ 20 മിനിറ്റ് ശേഷിക്കെ റയല്‍ ലീഡ് തിരിച്ചുപിടിച്ചു. ഇക്കുറിയും ഗോളിലേക്കുള്ള വഴി വെട്ടിയത് വിനീഷ്യസായിരുന്നു. ടോണി ക്രൂസിലേക്ക് പന്തിട്ടു. ക്രൂസിന്റെ അടി ഒസാസുന പ്രതിരോധക്കാരന്‍ ഗാര്‍ഷ്യ തടഞ്ഞു. എന്നാല്‍, പന്ത് കിട്ടിയത് റോഡ്രിഗോയുടെ കാലുകളില്‍. അവസാന നിമിഷങ്ങളില്‍ സമനില പിടിക്കാന്‍ ഒസാസുന ആഞ്ഞുശ്രമിച്ചു. പക്ഷേ, റയല്‍ പ്രതിരോധതാരം ഡാനി കര്‍വഹാലിന്റെ മിടുക്കില്‍ ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
മത്സരത്തില്‍ അഞ്ചുതവണയാണ് ഒസാസുന ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തത്. റയല്‍ മൂന്നുതവണയും. റയലിന്റെ 20–-ാംകിങ്സ് കപ്പാണിത്.
ചാമ്ബ്യന്‍സ് ലീഗില്‍ നാളെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ആദ്യപാദ സെമിക്ക് ഇറങ്ങുകയാണ് റയല്‍. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. ലീഗില്‍ ബാഴ്സലോണയ്ക്കും അത്ലറ്റികോ മാഡ്രിഡിനും പിന്നില്‍ മൂന്നാമതാണ് റയല്‍.
