
മുഹമ്മദ് സലായുടെ ഗോളടി മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ മുന്നേറ്റം. ബ്രെന്റ്ഫോര്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച ലിവര്‍പൂളിന് അഞ്ചാംസ്ഥാനത്ത് 62 പോയിന്റായി.
ലിവര്‍പൂളിനുവേണ്ടി തുടര്‍ച്ചയായി ഒമ്ബത് മത്സരങ്ങളില്‍ ഗോളടിക്കുന്ന കളിക്കാരനുമായി ഈ ഈജിപ്തുകാരന്‍. ആന്‍ഫീല്‍ഡില്‍ 100 ഗോളും തികച്ചു. സീസണില്‍ 30–-ാംഗോള്‍.

ജയത്തോടെ ചാമ്ബ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷ യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം സജീവമാക്കി. ലിവര്‍പൂള്‍ 35 കളിയാണ് പൂര്‍ത്തിയാക്കിയത്. 33 കളിയില്‍ 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നാലാമത്. ലീഗില്‍ തുടര്‍ച്ചയായ ആറാംജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 17 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് ഏഴെണ്ണംമാത്രം.
കളിതുടങ്ങി 15 മിനിറ്റിനുള്ളില്‍ സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡറാണ് വഴിയൊരുക്കിയത്. മറുവശത്ത് ബ്രെന്റ്ഫോര്‍ഡിനായി ബ്രയാന്‍ എംബൗമോ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. പിന്നാലെ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം കോഡി ഗാക്പോ പാഴാക്കി. സീസണില്‍ മൂന്ന് കളിയാണ് ലിവര്‍പൂളിന് ശേഷിക്കുന്നത്. ലെസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല, സതാംപ്ടണ്‍ ടീമുകള്‍ക്കെതിരെയാണ് മത്സരം.
