ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ;കോഹ്ലിയ്ക്ക് പരീക്ഷണം

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷണമായി മാറുക ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. ബാറ്റിംഗിലും നായകവേഷത്തിലും പിഴവു പറ്റിയാല്‍ കോഹ്ലിയെ കടിച്ചുകീറാന്‍ കാത്തിരിക്കുന്നവര്‍ക്ക് അത് വലിയ അവസരമാകും. പ്രത്യേകിച്ച് ബിസിസിഐക്ക് കോഹ്ലിയോട് കടുത്ത അതൃപ്തി ഉടലെടുത്ത സാഹചര്യത്തില്‍.

ട്വന്റി20യിലും ഏകദിനത്തിലും നായകവേഷം അഴിച്ചു വെയ്ക്കേണ്ടിവന്ന കോഹ്ലിയിലെ ടെസ്റ്റ് ബാറ്റര്‍ പരീക്ഷിക്കപ്പെടുന്ന പരമ്പരയായി ദക്ഷിണാഫ്രിക്കയുമായുള്ള മുഖാമുഖം മാറുമെന്നതില്‍ സംശയമില്ല. കോഹ്ലിയുടെ ടെസ്റ്റിലെ സമീപകാലത്തെ ഫോം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിഗത പ്രകടനങ്ങള്‍ കോഹ്ലിയുട ക്യാപ്റ്റന്‍സിയുടെ ഭാവിയെയും സ്വാധീനിക്കും.

രണ്ടു വര്‍ഷമായി ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം കോഹ്ലിക്കുമേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. കോഹ്ലി(136) അവസാനം സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ്. അതിനുശേഷമുള്ള 23 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ കോഹ്ലിയില്‍ നിന്ന് സെഞ്ച്വറി അകന്നുപോയി. 2020ല്‍ ആറ് ഇന്നിംഗ്സുകളിലായി നേടിയത് 116 റണ്‍സാണ്. 19.33 എന്നതായിരുന്നു ശരാശരി. 2021ല്‍ 17 ഇന്നിംഗ്സുകളില്‍ ബാറ്റേന്തിയെങ്കിലും അടിച്ചത് 483 റണ്‍സ്, 28.41 ശരാശരി.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലിക്ക് മികച്ച റെക്കോഡുണ്ട്. 20 ഇന്നിംഗ്സുകളില്‍ 59.72 ശരാശരിയില്‍ 1075 റണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടിച്ചുകൂട്ടിക്കഴിഞ്ഞു. ഇതില്‍ മൂന്ന് ശതകവും മൂന്ന് അര്‍ദ്ധ ശതകവും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ 55.80 ശരാശരിയില്‍ 558 റണ്‍സാണ് സമ്പാദ്യം.

BCCIIND VS SAVIRAT KOHLI

Spread the love

Leave a Reply

Your email address will not be published. Required fields are marked *