സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യാനിരിക്കെയാണ് നിരോധനാജ്ഞ. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസില്‍ സോണിയ ഹാജരാവും. കോണ്‍ഗ്രസ് ആസ്ഥാനത്തു പോലീസ് സുരക്ഷാ ക്രമീകരണം ശക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഓഫിസിലേക്ക് കയറ്റിവിടുന്നില്ലെന്ന് ജയറാം രമേഷ് അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ ( Sonia Gandhi ) ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് ഇ.ഡി ഓഫീസില്‍ സോണിയ ഹാജരാവുക.

സോണിയാഗാന്ധിക്കെതിരെയും കള്ളക്കേസെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനതലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് എ.ഐ.സി.സി ആഹ്വാനം നല്‍കി.
ദില്ലിയില്‍ കോണ്‍ഗ്രസ് എം.പിമാരുടെ യോഗം ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി അഞ്ച് ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഒരു മാസത്തെ സാവകാശം നല്‍കിയ ശേഷമാണ് സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത്.

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം നടത്തിയിരുന്നു അത് ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
മാത്രമല്ല ഈ വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തിയാണ് കോൺഗ്രസ് പ്രതിഷേധം.
പാർലമെന്റ് നടപടികൾക്ക് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കൾ മാധ്യങ്ങളെ കാണും. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്സഭയിലും രാജ്യ സഭയിലും വിഷയം ഉന്നയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *