സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ബംഗളൂരു കോടതിയുടെ വിധി സോളാര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രം: കോടിയേരി

kodiyeri-press_579455മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫെയ്സ്ബുക്കിലുടെയാണ് കോടിയേരി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; യു ഡി എഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് ഈ വിധി.
കുരുവിളയെന്ന വ്യക്തിയെ വഞ്ചിച്ചുവെന്ന ആരോപണം കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പരാതി കൊടുത്ത കുരുവിളയ്ക്കെതിരെ കള്ളക്കേസ് എടുത്ത് ജയിലിലടച്ചു. ഭരണസംവിധാനം ഉപയോഗിച്ച് കുരുവിളയെ വേട്ടയാടുകയായിരുന്നു ഉമ്മൻചാണ്ടി.
ഇപ്പോൾ ഉമ്മൻചാണ്ടി പറയുന്ന ന്യായം പരിഹാസ്യമാണ്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഏകപക്ഷീയമായി കോടതിവിധി പുറപ്പെടുവിക്കുകയായിരുന്നു, അതിന്റെ പേരില്‍ തന്റെ വാദം കേട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്തിന് നിരക്കുന്നതല്ല.
കേസില്‍ കോടതി പുറപ്പെടുവിച്ച സമന്‍സിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി വക്കാലത്ത് നല്‍കിയ അഭിഭാഷകന്‍ എന്തുകൊണ്ട് തടസ്സവാദംപോലും ഉന്നയിച്ചില്ല എന്നതാണ് പ്രസക്തം. കോടതിയില്‍പ്പോലും വസ്തുതകള്‍ തുറന്നുപറയാന്‍ തയ്യാറാകുന്നില്ല എന്നാണിത് കാണിക്കുന്നത്. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ശിവരാജന്‍ കമീഷന്‍ മുമ്പാകെയും വസ്തുതകള്‍ തുറന്നുപറയാന്‍ തയ്യാറായില്ല.
എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി മനഃസാക്ഷിയാണ് വലുതെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. ബംഗളൂരു കോടതിയിലെ ഈ കേസ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളില്‍ ഒന്നുമാത്രമാണ്. തുടരെത്തുടരെ കേസുകള്‍ വരുന്നതുകൊണ്ടാകണം ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാത്തതെന്നുവേണം കരുതാന്‍. ഈ കോടതി വിധിയിൽ എ ഐ സി സിയും കെ പി സി സിയും നിലപാട് വ്യക്തമാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *