ഗസ്സ: സെൻട്രല്‍ ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കാൻ ഹമാസിന്റെ ടണല്‍ തകര്‍ക്കുന്നതിനിടെ ആറ് ഇസ്രായേല്‍ സൈനികര്‍ ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.സെൻട്രല്‍ ഗസ്സയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്ബിലാണ് സംഭവം.
ഇവിടെ ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നതിനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കള്‍ പ്രതീക്ഷിച്ചതിന് അരമണിക്കൂര്‍ മുമ്ബേ പൊട്ടിത്തെറിച്ചാണ് ഇസ്രായേല്‍ പ്രതിരോധ സേനയിലെ ആറ് റിസര്‍വ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്. ഇത് തകര്‍ക്കുന്നത് കാണിക്കാൻ ഇസ്രായേല്‍ അനുകൂല മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തെ സൈന്യം കൂടെ കൂട്ടിയിരുന്നു. ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെയാണ് ഉഗ്രസ്ഫോടനം നടന്നതും ആറുപേര്‍ കൊല്ലപ്പെട്ടതും. നിരവധി സൈനികര്‍ക്ക് സാരമായി പരിക്കേറ്റതായി സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോര്‍ട്ട് ചെയ്തു. തന്റെ കണ്‍മുന്നില്‍ വലിയ സ്ഫോടനം നടക്കുന്നത് കണ്ടതായി ഇമ്മാനുവല്‍ പറഞ്ഞു.
ഉടൻ തന്നെ റിപ്പോര്‍ട്ടര്‍മാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വൻ അപകടമുണ്ടായതായി സൈനിക കമാൻഡര്‍മാര്‍ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.













