തിരുവല്ലത്തെ ഷഹാനയുടെ കുടുംബം പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും


തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കുടുംബം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹമിരിക്കും. ഷഹാന മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുന്നത്. നേരത്തെ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.ഷഹാന ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതികള്‍ എവിടെയാണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വിവരവുമില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തിരുവല്ലം പൊലീസിന്റെ പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്ത് ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഷഹാനയുടെ ആത്മഹത്യ കേസില്‍ പൊലീസ് നേരത്തെ ഗാര്‍ഹിക പീഡന വകുപ്പ് ചേര്‍ത്തിരുന്നു.


നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏല്‍പ്പിക്കാന്‍ ഏര്‍പ്പാട് ചെയ്ത് നൗഫലും മാതാവും ഒളിവില്‍ പോകുകയായിരുന്നു. കാട്ടാക്കടയിലെ വീട്ടില്‍ നിന്ന് കടയ്ക്കലിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വാഹനവും ഫോണും ഉപേക്ഷിച്ച് പൊലീസ് എത്തും മുന്‍പ് കടന്നുകളയുകയായിരുന്നു.



Sharing is Caring