ലൈംഗിക ന്യൂനപക്ഷ വേദി രൂപീകരിച്ചു

Kundanmarകോഴിക്കോട്: സ്വവര്‍ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും 377 ാം വകുപ്പ് എടുത്തു മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ലൈംഗിക ന്യൂനപക്ഷ വേദി, കേരളം രൂപീകരിച്ചു. ശ്യാം സെക്രട്ടറിയായും നാസര്‍ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു.
ഐ പി സി 377 നെതിരായി ഇന്നലെ നളന്ദ ഓഡിറ്റോറിയഠില്‍ നടന്ന സംസ്ഥാന തല പ്രതിഷേധ സംഗമത്തില്‍ ഡോ. ഷംസാദ് ഹുസൈന്‍, ഗ്രോ വാസു, സി പി ഐ എം എല്‍ ലിബറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍, അനില്‍ ചില്ല, ഗുരുകിരണ്‍ സംഗമ, സിവിക് ചന്ദ്രന്‍, രാജേഷ് സംഗമ, സിമ്രാന്‍ ഷെയ്ക്ക്, ശ്യാം വോയ്‌സ്, നിഷ സംഗമ, സഞ്ചേഷ് കെ സി എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
ലോകമെമ്പാടും ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്ന ഈ അവസരത്തിലാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇത്തരത്തിലൊരു മനുഷ്യാവകാശ വിരുദ്ധ വിധിയുമായി മുന്നോട്ട് വരുന്നതെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.
സമ്പന്നമായ സാംസ്‌കാരിക വൈവിദ്ധ്യം നില നില്‍ക്കുന്ന ഇന്ത്യയില്‍ ക്ഷേത്രങ്ങളിലും വാസ്തു വിദ്യയിലും ശില്‍പ്പ ചിത്ര കലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം തന്നെ പ്രാചീന കാലം മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഔന്നിത്യം ലഭിച്ചിരുന്നതായി കാണാന്‍ കഴിയും. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന സ്വവര്‍ഗേതര ലൈംഗിക വിഭാഗങ്ങളില്‍ ഉള്ളവര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങുകള്‍ പോലും ഇന്ത്യയില്‍ നില നില്‍ക്കുന്നുണ്ട്. വര്‍ഗീയമായ സദാചാരബോധത്തില്‍ ഊന്നുന്ന സുപ്രീം കോടതി വിധി ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അഗാധമായ അജ്ജത പുലര്‍ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീകാവകാശങ്ങലായ ആര്‍ടിക്കിള്‍ 21, 14, 15 എന്നിവയെ നഗ്നമായി ലംഘിക്കുന്നതുമാണെന്നും സംഗമം വിലയിരുത്തി.

Leave a Reply

Your email address will not be published.