തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സലാമിയെ കൂടാതെ മുതിര്‍ന്ന നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.1980ല്‍ ഇറാന്‍-ഇറാഖ് യുദ്ധ സമയത്താണ് സലാമി റെവല്യൂഷണറി ഗാര്‍ഡില്‍ ചേരുന്നത്. 2024ല്‍ ഇറാന്‍ ആദ്യമായി ഇസ്രയേലുമായി നേരിട്ട് ആക്രമണം നടത്തിയപ്പോള്‍ മുതല്‍ സലാമിയായിരുന്നു റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി.


ഇസ്രയേലുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ ഏത് സാഹചര്യത്തിലും സജ്ജമാണെന്ന് കഴിഞ്ഞ ദിവസം സലാമി പറഞ്ഞിരുന്നു. രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ മുന്‍ മേധാവി ഫെറെയ്ദൗന്‍ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചിയുമാണ് കൊല്ലപ്പെട്ടത്.


ഫെറെയ്ദൗന്‍ അബ്ബാസിക്ക് നേരെ 2010ല്‍ തെഹ്‌റാനില്‍ വെച്ച് വധശ്രമമുണ്ടായിരുന്നു. അതേസമയം അമേരിക്കയും ഇസ്രയേലും ആക്രമണത്തില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്റെ സായുധ സേന വക്താവ് അബോല്‍ഫസല്‍ ഷെകാര്‍ച്ചി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷാംഖാനിക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം നതാന്‍സ് ആണവ കേന്ദ്രത്തില്‍ പുതിയ ആക്രമണം നടന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. ആറ് സൈനിക കേന്ദ്രങ്ങളാണ് ആകെ ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിക്കണമെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


Sharing is Caring