അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നൽകും: ട്രംപ്


അഹമ്മദാബാദിൽ ഉണ്ടായ എയര്‍ ഇന്ത്യയുടെ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നല്‍കുമെന്ന് ഉറപ്പ് നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.’ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ശക്തമായ രാജ്യം. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ ട്രംപ് തുടര്‍ന്നു. ‘അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ച് പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു.


ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്ന് ഉയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്’ ; ട്രംപ് കൂട്ടിചേര്‍ത്തു.അതേ സമയം, പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.


ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിൻ്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്.

വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന വിശകലനങ്ങൾ അപകട സമയത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾനൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്.



Sharing is Caring