തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നെതന്യാഹു


തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവായുധ പദ്ധതിയുടെ ഹൃദയത്തിലേക്കാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിലെ നതന്‍സിലെ പ്രധാന ആണവ കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബോംബ് നിര്‍മിക്കുന്ന ഇറാനിയന്‍ ശാസ്ത്രജ്ഞരെയാണ് ലക്ഷ്യമിട്ടതെന്നും എത്ര ദിവസം വേണ്ടിവരുമോ അത്രയും ദിവസം ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുവരെ കൈക്കൊള്ളാത്ത നടപടികള്‍ ഇറാന്‍ സ്വീകരിച്ചു.


സമ്പുഷ്ടമായ യുറാനിയം ആയുധമാക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിച്ചു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാന്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവായുധം നിര്‍മിക്കും. ഇത് ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അപകടമാണ്’, നെതന്യാഹു പറഞ്ഞു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നാണ് ഇറാന് നേരെയുള്ള ആക്രമണത്തിന് പേര് നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇസ്രയേല്‍ തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്ന് ഇസ്രയേല്‍ സുരക്ഷാ സേനയെ ഉദ്ദരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


ആറ് മുതല്‍ ഒമ്പത് വരെ സ്‌ഫോടനങ്ങളാണ് തെഹ്‌റാനില്‍ നടന്നത്. പ്രദേശികസമയം പുലര്‍ച്ചെ 3നാണ് സ്‌ഫോടനം നടന്നത്. തലസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലാണ് അപകടം നടന്നത്. ഇറാനിലെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയ പ്രതികരിച്ചു.



Sharing is Caring