മൊറോക്കോ ദേശീയ ടീമിനെ അഭിനന്ദിച്ച്‌ സൗദി കായിക മന്ത്രി


ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗലിനെ ഒരു ഗോള്‍ വിജയത്തില്‍ അട്ടിമറിച്ച്‌ സെമി ഫൈനലിലെത്തിയ മൊറോക്കോ ദേശീയ ടീമിനെ അഭിനന്ദിച്ച്‌ സൗദി കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍.


ലോകകപ്പ് ചരിത്രത്തില്‍ സെമി ഫൈനലില്‍ യോഗ്യത നേടുന്ന ആദ്യ അറബ്, ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറിയതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇത് ചരിത്രവിജയമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.


ഇനിയും ഉന്നത വിജയം നേടാനും അറബ് ലോകത്തിനും ആഫ്രിക്കന്‍ വന്‍കരക്കും ഫുട്ബാള്‍ മേഖലയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഈ വിജയം ഏറെ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.

ആദ്യ അറബ്, ആഫ്രിക്കന്‍ ടീം ഈ വര്‍ഷത്തെ ലോകകപ്പില്‍ നല്ല പ്രകടനം കാഴ്ചവെച്ചതിലും സെമിഫൈനലില്‍ പോരാട്ടത്തിനൊരുങ്ങുന്നതിലും സന്തോഷിച്ച്‌ സൗദി ജനതയും ആഘോഷമാക്കി.

വിവിധ നഗരങ്ങളിലും ഹാളുകളിലും പാര്‍ക്കുകളിലും ഒരുക്കിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ മൊറോക്കോയുടെ വിജയം ദൃശ്യമായപ്പോള്‍തന്നെ സൗദി ഫുട്ബാള്‍ പ്രേമികളും മറ്റുള്ളവരും ആനന്ദനൃത്തം ചെയ്ത കാഴ്ചയാണ് എങ്ങും പ്രകടമായത്.

സൗദിയിലുള്ള മൊറോക്കോ പൗരന്മാരും മറ്റ് അറബ് നാടുകളിലെ വിദേശികളും കഴിഞ്ഞദിവസം നടന്ന ഫുട്ബാള്‍ കാണാന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിറസാന്നിധ്യമായിരുന്നു. ഏക അറബ് രാജ്യത്തിന്റെ വിജയം കാണാന്‍ വമ്ബിച്ച ആവേശത്തോടെയാണ് അവര്‍ നോക്കിനിന്നത്.



Sharing is Caring