അന്താരാഷ്ട്ര കരകൗശല മേളയ്ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി


Sargaalaya1കോഴിക്കോട്: ഭാരതത്തി ന്റെ കരകൗശല വൈദഗ്ദ്ധ്യമാകെ ഒരുകുടക്കീഴില്‍ അണിനിരക്കുന്ന സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കരകൗശലമേളയാണിത്. 22 ന് രാവിലെ 10 മണിക്ക് മന്ത്രി എ.പി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കേരളഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ. ദാസന്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത് ഐഎഎസ്, ഗ്രാന്റ്‌കേരളഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍, യുഎല്‍സിസിഎസ് പ്രസിഡണ്ട് രമേശന്‍ പാലേരി, പയ്യോളി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി. കുല്‍സു, കൈത്തറിവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ജികെഎസ്എഫ്‌കോ-ഓര്‍ഡിനേറ്റര്‍ വി. വിജയന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉഷ വളപ്പില്‍, സര്‍ഗാലയ സി.ഇ.ഒ പി.പി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
22 സംസ്ഥാനങ്ങളിലെ 300 ഓളം കരകൗശലയൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കും. ദേശീയ അംഗീകാരം നേടിയ 50 കലാകാരന്മാരുടെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടാവും. കേരളത്തിലെ കരകൗശല വിദഗ്ധര്‍ക്ക് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, വെസ്റ്റ്ബംഗാള്‍, ഒഡീഷ, ജമ്മുകാശ്മീര്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, ചത്തീസ്ഗഡ്, ഹരിയാന, ചണ്ഡിനഗര്‍, രാജസ്ഥാന്‍, പുതുച്ചേരി, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ആസ്സാം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്മാര്‍ മേളയ്ക്ക് എത്തും.
തഞ്ചാവൂര്‍, മധുബനി, വാര്‍ളി, പിച്ച് വായ്, മിഥില, ഗോദന, കവാദ്, ഗോണ്ട്, ബാര്‍ത്തിക്ക്, ചിത്തര, പാടചിത്ര ചിത്രകലാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പരമ്പരാഗത ചിത്രകലാകാരന്മാരും ചുമര്‍ചിത്രകലാകാരന്മാരും ദാരുശില്‍പ്പികളും മുഖ്യആകര്‍ഷണമാവും. വിവിധ തോല്‍ ഉല്‍പ്പന്നങ്ങള്‍, വ്യത്യസ്ത ദേശങ്ങളിലെ പരമ്പരാഗത ആഭരണങ്ങള്‍, ലോഹ ശില്‍പ്പങ്ങള്‍, വാഴനാര്, ചകിരി, പനനാര് തുടങ്ങിയവ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, ചിത്രകമ്പല കാര്‍പ്പറ്റുകള്‍, കളിമണ്‍ശില്‍പ്പങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളും മേളയെ സജീവമാക്കും. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ചിക്കന്‍കാരി, പഞ്ചാബിന്റെ ഫുല്‍ക്കാരി, രാജസ്ഥാനിലെ ബാന്ദേജ്, ഉത്തര്‍പ്രദേശിലെ ബാന്തിക്, മധ്യപ്രദേശിലെ പിച്ച് വായ് എംമ്പ്രോയിഡറികളും വസ്ത്രശേഖരവും രാജസ്ഥാന്‍ ബ്ലൂപോട്ടറി, ഗുജറാത്തിലെ കാമല്‍ ബെല്‍റ്റ് കാര്‍പ്പറ്റ്, ആസ്സാമിലെ ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ഝാര്‍ഖണ്ഡിന്റെ സിറാമിക് ഉല്‍പ്പന്നങ്ങള്‍, കര്‍ണാടകയിലെ ചന്നപട്‌ന കളിപ്പാട്ടങ്ങള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍, മഹാരാഷ്ട്രയിലെ മിനാകാരി ലോഹശില്‍പ്പങ്ങള്‍, വെസ്റ്റ് ബംഗാളിന്റെ ചണം ഉല്‍പ്പന്നങ്ങള്‍ എന്നിവയും കാഴ്ചകാര്‍ക്ക് അവിസ്മരണീയാനുഭവം നല്‍കും.
കരകൗശല, വിനോദസഞ്ചാര മേഖലകളെ അധികരിച്ച് വിവിധ സെമിനാറുകളും ദേശീയതലത്തിലുള്ള കലാവിരുന്നും ഭക്ഷ്യമേളയും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. ‘കരകൗശലരംഗത്തെ പ്രശ്‌നങ്ങള്‍’,’ഉല്‍പ്പന്നങ്ങളുടെ വിപണനം’, ‘വിനോദസഞ്ചാര സാദ്ധ്യതകള്‍’ എന്നീ വിഷയങ്ങളെ അധികരിച്ച് ഡിസംബര്‍ 23, 29, ജനുവരി നാല് തീയതികളില്‍ നടക്കുന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ പങ്കെടുക്കും. കലാമേളയില്‍ അസ്സാമിന്റെ ബിഹുഡാന്‍സ്, ഗുജറാത്തിന്റെ ഗര്‍ഭഡാന്‍സ്, തമിഴ്‌നാടിന്റെ ഡമ്മിഹോഴ്‌സ്, കരക-കാവടിനൃത്തം, ജമ്മുകാശ്മീരിന്റെ റൗഫ്ഡാന്‍സ്, തെലുങ്കാനയുടെ മാഥുരി, ബൊണാലു ആന്‍ഡ് ഹാര്‍വസ്റ്റ്, ഉത്തര്‍പ്രദേശിന്റെ ചാര്‍കുള, ഹോളി ആന്റ് മയൂര്‍നൃത്തം, ഉത്തരാഖണ്ഡിന്റെ തഡിയാ ചാഫഌ ചോളിയ ഡാന്‍സ്, തുടങ്ങിയ കലാരൂപങ്ങള്‍ക്ക് പുറമെ കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള ഗോത്രവര്‍ഗ കലകളും തനത് കേരളീയ കലാരൂപങ്ങളും മേളയില്‍ ഉണ്ടാകും. മലബാറിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.
പുഴയുടെ തീരത്ത് വാസ്തുവിദ്യയുടെ അപൂര്‍വ്വമാതൃക പോലെ വംശീയ – പാരമ്പര്യ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത സര്‍ഗാലയിലെ കോട്ടേജുകള്‍ നയനാനന്ദകരമാണ്. പൂന്തോട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള ഏരിയ, ഫുഡ്‌കോര്‍ട്ട്, ബോട്ടിംഗ്, ഓപ്പണ്‍ എയര്‍ഓഡിറ്റോറിയം, ഗസ്റ്റ്ഹൗസ് എന്നിവയെല്ലാം സര്‍ഗാലയയില്‍ ഒരുക്കിയിട്ടുണ്ട്. കലാഗ്രാമം, സാന്റ് ബാങ്ക്‌സ്, കുഞ്ഞാലിമരക്കാര്‍ മ്യൂസിയം, കൊളാവിപാലം ആമ വളര്‍ത്തുകേന്ദ്രം എന്നിവയൊക്കെ സമുന്വയിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാവുകയാണ്.


S




Sharing is Caring