ശ്രീലങ്കയ്ക്കെതിരായ പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കുകയും സഞ്ജു സാംസണെ ടി20 ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ടി20 പരമ്ബരയ്ക്കുള്ള 16 അംഗ ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന പരമ്ബരയ്ക്കുള്ള 16 അംഗ ടീമിനെ രോഹിത് ശര്‍മ്മയും നയിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ടി20 പരമ്ബരയില്‍ കളിക്കില്ല.

സൂര്യകുമാര്‍ യാദവാണ് ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടി20 ടീമിനെ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഏകദിന പരമ്ബരയുടെ വൈസ് ക്യാപ്റ്റനാകും. കെഎല്‍ രാഹുലിന്‍റെ സാന്നിധ്യമുണ്ടായിട്ടും പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. മോശം ഫോമും യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലിന്‍റെയും ഇഷാന്‍ കിഷന്‍റെയും മികച്ച പ്രകടനവും കാരണം ശിഖര്‍ ധവാനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ഇതോടെ 37 കാരനായ ധവാന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി ചോദ്യചിഹ്നമായി മാറി.
ശിവം മാവിയെയും മുകേഷ് കുമാറിനെയും ആദ്യമായി ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് പര്യടനത്തില്‍ ഏകദിന പരമ്ബരയില്‍ കളിക്കാതിരുന്ന റിഷഭ് പന്തിന് ഇത്തവണ ഇരുടീമുകളിലും ഇടം ലഭിച്ചില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടീമില്‍ ഇല്ല. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇരു ടീമുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.













