രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഏലൈറ്റ് ഗ്രൂപ്പ് സിയില്‍ ഛത്തീസ്‌ഗഡിനെതിരേ മകരളം ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്.എതിരാളികളെ 149 റണ്ണിലൊതുക്കിയ കേരളം ഇന്നലെ കളി അവസാനിപ്പിക്കുമ്ബോള്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 100 റണ്ണെന്ന നിലയിലാണ്.
കേരളത്തിനായി രോഹല്‍ പ്രേം(71 പന്തില്‍ 29), സച്ചിന്‍ ബേബി (49 പന്തില്‍ 11) എന്നിവരാണു പുറത്താകാതെ നില്‍ക്കുന്നത്. ഓപ്പണര്‍മാരായ പി. രാഹുല്‍ (58 പന്തില്‍ 24), രോഹല്‍ കുന്നുമ്മല്‍ (50 പന്തില്‍ 31) എന്നിവര്‍ പുറത്തായി.
അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്‌സേനയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഛത്തീസ്‌ഗഡിനെ 149 റണ്ണിലൊതുക്കാന്‍ കേരളത്തെ സഹായിച്ചത്. തുമ്ബ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളാ ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനുവിട്ടു. തുടക്കത്തില്‍ത്തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്‌ത്തി കേരള ബൗളര്‍മാര്‍ മികവുകാട്ടി. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍ പിറന്നപ്പോള്‍ വീണ ഇരട്ടവിക്കറ്റില്‍ ഛത്തീസ്‌ഗഡ് പതറി. അതില്‍നിന്നു കരകയറാന്‍ അവര്‍ക്കായില്ല. ക്യാപ്‌റ്റന്‍ ഹര്‍പ്രീത് സിങ് 40 റണ്ണടിച്ച് ടോപ്‌സ്കോററായി. മായങ്ക് യാദവ് (പുറത്താകാതെ 29), പതിനൊന്നാമന്‍ സൗരഭ് മജുംദാര്‍ (19) സുമിത് റൂയികര്‍ (17) എന്നിവരാണു മറ്റു പ്രധാന സ്‌കോറര്‍മാര്‍.
കേരളത്തിനായി വൈശാഖ് ചന്ദ്രനും സച്ചിന്‍ ബേബിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.














