രാജസ്ഥാനിലെ ക്രമസമാധാനത്തെക്കുറിച്ചുളള ബിജെപിയുടെ വിമര്‍ശനത്തിനെതിരെ സച്ചിന്‍ പൈലറ്റ്


രാജസ്ഥാനിലെ ക്രമസമാധാനത്തെക്കുറിച്ചുളള ബിജെപിയുടെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും സ്ഥിതിയെക്കാള്‍ മെച്ചമാണ് രാജസ്ഥാനിലെ സ്ഥിതിയെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. അധികാരത്തില്‍ വരാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.


അശോക് ഗെഹ്ലോട്ട് മന്ത്രിസഭക്കെതിരെ ബിജെപി ഉയത്തിയ വിമര്‍ശനത്തെ എതിര്‍ത്ത് സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നത് ശ്രദ്ധേയമായി.ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയര്‍ന്നാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ രാജസ്ഥാനിലെ ടോങ്കില്‍ പ്രതികരിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.


ബിജെപി ‘ക്രമസമാധാനം’ ഒരു പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിമര്‍ശനമെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ജി20 അത്താഴവിരുന്നിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു. ഖാര്‍ഗെയെ ക്ഷണിച്ചിരുന്നെങ്കില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകം കാണുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring