നരേന്ദ്ര മോദിയുടെ വിദേശ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു. അദ്ദേഹം ദേശസ്നേഹിയാണെന്നും പുടിന്‍ പറഞ്ഞു. മോസ്കോയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

മോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാർമികമായും
പ്രാധാന്യമുള്ളതാണ്. ഭാവി ഇന്ത്യയുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് എന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാമെന്നും പുടിന്‍ പറഞ്ഞു.

ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ചയെ അതിഗംഭീരമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ഏകദേശം 1.5 ബില്യൺ ജനങ്ങളും പ്രത്യക്ഷത്തിലുള്ള വികസന ഫലങ്ങളും ഇന്ത്യയോടുള്ള ആദരവിന് കാരണമാണെന്നും പുടിന്‍ വിശദീകരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകിയ പുടിന്‍, അതിനെ സവിശേഷ ബന്ധമെന്നും വിശേഷിപ്പിച്ചു.

“പതിറ്റാണ്ടുകളുടെ അടുത്ത ബന്ധമാണത്. ഞങ്ങൾക്കിടയില്‍ ഒരിക്കലും ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പരസ്പര പിന്തുണ ഭാവിയിലും സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”– പുടിന്‍ വിശദീകരിച്ചു.ഇന്ത്യൻ കാർഷിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട രാസവളങ്ങളുടെ വിതരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും പുടിന്‍ പറഞ്ഞു. 7.6 മടങ്ങായി ഇത് വർധിപ്പിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ വ്യാപാരം ഏകദേശം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *