വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല: പി.കെ ഫിറോസ്

വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമിലെ റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. റോഡുകളിലെ കുഴിയടയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വാഴ നടല്‍ സമരം സംഘടിപ്പിച്ചു.

‘വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ തന്നെ നിര്‍വ്വഹിച്ചു’ പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് റോഡുകളില്‍ രൂപപ്പെട്ട മരണക്കുഴികള്‍ കാണാത്തത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാത്രമാണെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നു. ഇത്തവണ എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും മന്ത്രിയുടെ ശ്രദ്ധയില്‍ മാത്രമാണ് കുഴി വരാതെ പോയതെന്നും സതീശന്‍ പറഞ്ഞു.

റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടണം. പറയുന്ന കാര്യങ്ങള്‍ സുധാകരന്‍ ഗൗരവത്തില്‍ എടുക്കാറുണ്ടായിരുന്നു. ഉപദേശം തേടുന്നത് നല്ലതായിരിക്കും.

വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിഞ്ഞിരിക്കണം. വായ്ത്താരിയും പിആര്‍ഡി വര്‍ക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ റോഡ് മെയിന്റനന്‍സ് വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *