കോഴിക്കോട്: പ്രതിസന്ധിക്കൾക്കിടയിലും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ് പ്രത്യുഷ് എം കെ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡോടെയാണ് നരിക്കുനി ഗവ; ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ പ്രത്യുഷ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദബന്ധമാണ് പ്രത്യുഷ് അവതരിപ്പിച്ചത്. കുച്ചുപ്പുടി കൂടാതെ ഭരതനാട്യം, കേരളനടനം എന്നിവയിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ എട്ടു വർഷക്കാലമായി നാട്യശ്രീ സുനീഷ് പാലത്തിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന പ്രത്യുഷിന് കലോത്സവ വേദികൾ എന്നും പ്രിയപ്പെട്ടവയാണ്.
കുച്ചുപ്പുടിയിൽ നേടിയെടുത്ത എ ഗ്രേഡിന് പിന്നിൽ ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥയുണ്ട് പറയാൻ. കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേഷവും അലങ്കാരങ്ങളുമൊക്കെയായി വലിയൊരു തുക വേണ്ടി വരും പരിശീലനത്തിനും യാത്രയ്ക്ക്കുമുള്ള ചെലവ് വേറെ, അച്ഛനും അമ്മയും അനിയനും ഉൾപ്പെടുന്ന പ്രത്യുഷിന്റെ കുടുംബത്തിന് താങ്ങാവുന്നതിനേക്കാൾ വലിയ ചിലവാണ് ഒരോ അരങ്ങുകളും നൽകുന്നത്. എന്നിരുന്നാലും ഈ പ്രതിസന്ധി ഘട്ടത്തിലും പ്രത്യുഷിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയാണ് ബേക്കറി ജീവനക്കാരനായ അച്ഛൻ പ്രശാന്തും വക്കീൽ ഓഫീസിൽ ക്ലർക്കായ അമ്മ ദിശയും.

നൃത്തത്തിൽ ഏറെ താല്പര്യമുള്ള അമ്മയാണ് മകന്റെ കലാജീവിതത്തിലെ വഴികാട്ടി. പ്രത്യുഷിനു നൃത്തത്തിൽ താത്പര്യം ജനിപ്പിച്ചതും വളർത്തിയതും അമ്മ തന്നെ, പണമില്ലാത്തതിനാൽ തനിക്ക് കഴിയാതെ പോയത് മക്കളിലൂടെ നേടിയെടുക്കുകയാണവർ.
പത്താം ക്ലാസ്സുകാരനായ സഹോദരൻ പ്രയാഗും മത്സരവേദിയിലുണ്ട്. നാടോടിനൃത്ത മത്സരത്തിനാണ് പ്രയാഗ് പങ്കെടുക്കുന്നത്. പ്രത്യുഷിന്റെ അധ്യാപകരും പൂർണ്ണ പിന്തുണയേകി അവനോടൊപ്പമുണ്ട്.













