റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിമരമായി പരാഗ് ഒരുക്കിയ മദ്ദളം


കോഴിക്കോട്: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർന്നത് മദ്ദളത്തിന്റെ മാതൃകയിലുള്ള കൊടിമരത്തിൽ. മലബാർ ക്രിസ്ത്യൻ കോളെജിലെ പ്രധാന വേദിയിലാണ് പതിനഞ്ചടി ഉയരത്തിലുള്ള മദ്ദളത്തിന്റെ മാതൃക ആർട്ടിസ്റ്റ് പന്തീരാങ്കാവ് സ്വദേശി പരാഗ് നിർമ്മിച്ചത്.


കേവലം ഒരു ദിവസം കൊണ്ടാണ് ഇത്തരത്തിലുള്ളൊരു കൊടിമരം ഒരുക്കിയതെന്ന് പരാഗ് പറയുന്നു. ചെലവു ചുരുക്കി തുണിയും ഇരുമ്പു പൈപ്പും മാത്രമുപയോഗിച്ചായിരുന്നു നിർമാണം. കലോത്സവത്തിൻെ പ്രധാന വേദി ചെയ്തത് പരാഗാണ്. കലോത്സവത്തിൽ ഇത്തവണ ഗോത്രകലകൾ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ തുടിയാണ് വേദിയെ അലങ്കരിക്കുന്നത്.
കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിന്റെ കൊടിമരം കൂറ്റൻ ഗിറ്റാറിന്റെ മാതൃകയിലായിരുന്നു പരാഗ് ഒരുക്കിയിരുന്നത്. പാശ്ചാത്യ സംഗീത വേദികളിൽ കാണുന്ന വലിയ ഗിറ്റാറിന്റെ മാതൃകയിൽ ഒരുക്കിയ കൊടിമരം വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.


കലോത്സവത്തിന് വ്യത്യസ്തതകൾ തേടുന്ന കൂട്ടത്തിലാണ് കൊടിമരത്തിൽ പുതിയ പരീക്ഷണങ്ങൾ പരാഗ് നടത്തുന്നത്. വേറിട്ട മാതൃകകൾ ഉൾക്കൊള്ളാൻ സ്വീകരണ കമ്മിറ്റിയ്ക്ക് സാധിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ കൊടിമരങ്ങൾ ഒരുക്കാൻ കഴിയുന്നതെന്ന് പരാഗ് പറയുന്നു.

സ്വീകരണ കമ്മിറ്റി ചെയർമാൻ പി കെ നാസർ, കൺവീനർ കെ സുധിന, ഭാരവാഹികളായ ആശ ശശാങ്കൻ, പി അസീസ് ബാബു, പി പ്രേംകുമാർ, ബൈജു മേരിക്കുന്ന്, കെ വി ആനന്ദൻ, സി ബിജു, ബി ബി ബിനീഷ്, അജിത്, എ ടി വിനീഷ്, അശ്വതി, പ്രകാശൻ എന്നിവർ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
പാഴ് വസ്തുക്കൾ ഉപയോഗിച്ച് പ്രചരണ ബോർഡുകളും മറ്റും തയ്യാറാക്കി ഏറെ പ്രശംസ പിടിച്ചുപറ്റിയ കലാകാരനാണ് പരാഗ്. നിരവധി നാടകങ്ങൾക്കും സിനിമയ്ക്കും ഇദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ എസ് ഇ ബി ജീവനക്കാരനായ പരാഗ് ജോലിയുടെ ഇടവേളകളിലാണ് തന്റെ കലാപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.



Sharing is Caring