പുഷ്പ 2 വില്‍ ജോയിന്‍ ചെയ്ത് രശ്മിക മന്ദാന


പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. ചിത്രത്തിലെ നായിക കഥാപാത്രമായ ശ്രീവല്ലി എന്ന കഥാപാത്രത്തിനെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ അനിമലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് രശ്മിക പുഷ്പ 2 വില്‍ ജോയിന്‍ ചെയ്തത് . സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം ചെയ്യുന്നത്.അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് പുഷ്പയിലെ പ്രധാനതാരങ്ങള്‍. ചിത്രം 2021 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.


സുകുമാറാണ് പുഷ്പ സംവിധാനം ചെയ്യുന്നത്.നേരത്തെ പുറത്തിറങ്ങിയ പുഷ്പ 2 വിന്റെ ടീസര്‍ ഏറെ ശ്രദ്ധയമായിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.




Sharing is Caring