പടിഞ്ഞാറൻ കെനിയയിലെ തിരക്കേറിയ ജംഗ്ഷനില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരിലേക്കും ഇടിച്ച് 48 പേര്‍ മരിച്ചു.അപകടത്തില്‍ ഇതുവരെ 48 പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഒന്നോ രണ്ടോ പേര്‍ ഇപ്പോഴും ട്രക്കിന്‍റെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രാദേശിക പൊലീസ് കമാൻഡര്‍ ജെഫ്രി മയക് പറഞ്ഞു.
30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുര്‍കോമെൻ ട്വിറ്ററില്‍ പറഞ്ഞു.

കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് എട്ട് വാഹനങ്ങളിലും നിരവധി മോട്ടോര്‍ സൈക്കിളുകളിലും റോഡരികിലുണ്ടായിരുന്നവരെയും കച്ചവടക്കാരെയും ഇടിച്ചത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതായി ആംബുലൻസുകളും രക്ഷാപ്രവര്‍ത്തകരുമായി സ്ഥലത്തെത്തിയ കെനിയൻ റെഡ് ക്രോസ് അറിയിച്ചു.













