ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്.
രാവിലെ ആറുമുതല്‍ തമിഴ്‌നാട്ടിലും ബെംഗലുരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ 187 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വീട്ടിലും പരിശോധന നടത്തി. കടലാസുകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.


അണ്ണാഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ചെന്നൈ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.
ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വികെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. നമത് എംജിആര്‍ ദിനപത്രത്തിന്റെ ഓഫീസിലും പരിശോധന നടത്തിയിട്ടുണ്ട്.