ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസ് അന്വേഷിക്കണ്ട സാഹചര്യമില്ലെന്നും ഇതൊരു അന്തര്‍ സംസ്ഥാന കേസല്ലെന്നും സിബിഐ അഭിഭാഷകന് വ്യക്തമാക്കി. കേസ് കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്നും കോടതിയെ സിബിഐ അറിയിച്ചു.
സിബിഐയുടെ നിലാപാടില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലുമാസം സിബിഐ എന്തുചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. ഇത്തരം നിലാപാടുകളോട് യോജിക്കാനാവില്ലെന്നും ഇത് ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നല്കിയ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.