എഡിജിപി അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണം തള്ളാതെ സിപിഐഎം. എല്ലാ വശവും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്ണൂരില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആരോപണത്തിൽ മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
പി വി അൻവർ എംഎൽഎയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്.