രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും . യു എ ഇ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ചര്‍ച്ച ചെയ്യുന്നതിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. വൈകിട്ട് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന അഹ്‌ലന്‍ മോദി സമ്മേളനം അബുദബി സായിദ് സ്‌റ്റേഡിയത്തില്‍ നടക്കും.

നാളെ അബുദബിയില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും നാളെ പ്രവേശനം അനുവദിക്കുക. എന്നാല്‍ ഫെബ്രുവരി 18 മുതല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ കൊത്തുപണികള്‍ തീര്‍ത്തിട്ടുളളത്. ഇന്ത്യന്‍ വാസ്തു ശില്‍പ്പകലയുടെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *