യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗങ്ങള്‍ ഹിന്ദിയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് പ്രസിഡന്‍ഷ്യല്‍ കമ്മിഷന്‍ വൈറ്റ്‌ഹൗസിനോട് ശുപാര്‍ശ ചെയ്തു.
ഹിന്ദി, ചൈനീസ്, കൊറിയന്‍, വിയറ്റ്‌നാമീസ്, ടാഗലോഗ്, മാന്‍ഡരിന്‍ ഭാഷകളാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. യു.എസ് രാഷ്ട്രീയത്തില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

നിലവില്‍ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രസംഗങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭിക്കുക. പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള 25.1 ദശലക്ഷം പേര്‍ക്ക് ഇത് പ്രാപ്യമാകണമെന്നില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
മൂന്ന് മാസത്തിനുള്ളില്‍ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രസംഗങ്ങളുടെ പകര്‍പ്പുകള്‍ യു.എസില്‍ ഇംഗ്ലീഷ് കൂടാതെ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒന്നിലധികം ഏഷ്യന്‍ അമേരിക്കന്‍, നേറ്റീവ് ഹവായിയന്‍, പസഫിക് ഐലന്‍ഡ്സ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും അവ വൈറ്റ്‌ഹൈസ് വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.













