പ്രേമചന്ദ്രന്‍ വോട്ട് തേടി സുകുമാരന്‍ നായരെ കണ്ടു

കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി തുടങ്ങിയവരും എന്‍എസ്എസ് ജനറല്‍സെക്രട്ടറിയെ കണ്ട് പിന്തുണ തേടി.
സുകുമാരന്‍ നായരുടെ വീട്ടില്‍ രാവിലെ 7 മണിക്കാണ് എന്‍ കെ പ്രേമചന്ദ്രന്‍ എത്തിയത്. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. മുന്നണി മാറാനിടയായ സാഹചര്യങ്ങളും കൊല്ലത്ത് ജനവിധി തേടാന്‍ തീരുമാനിച്ചതും പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ അറിയിച്ചു. സമുദായ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. പരിഗണിക്കാമെന്ന മറുപടിയാണ് സുകുമാരന്‍ നായര്‍ നല്‍കിയത്.
യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അതൃപ്തി സുകുമാരന്‍ നായര്‍ മറച്ചുവച്ചതുമില്ല. സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.