നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും; കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി ഉന്നതതല യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മണ്ഡല അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ നേരിട്ട് വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജില്ലയിലെ കോവിഡ് രോഗ വ്യാപനത്തെക്കുറിച്ചും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള നിലവിലെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിയുക്ത എംഎല്‍എമാര്‍ക്ക് വിശദീകരിച്ചു നല്‍കി.
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് കോവിഡ് ജാഗ്രതാ സമിതികള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിക്കും. മണ്ഡല അടിസ്ഥാനത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍, കിടക്കകള്‍ എന്നിവ സജ്ജമാക്കും. ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കുകയും പരിഹരിക്കുന്നതിന് സംസ്ഥാന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ ഇടപെടല്‍ നടത്തും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധിപേര്‍ ഒന്നിച്ച് കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതി നിലവില്‍ ജില്ലയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *