വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബി പൂര്‍ണമായി ഒഴിവാക്കി.

സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബി പൂര്‍ണമായി ഒഴിവാക്കി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കില്ല. അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍, ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ സ്വീകരിക്കാനും, വൈദ്യുതി മെയ് മൂന്ന് മുതല്‍ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി. ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്.

കെഎസ്ഇബിക്ക് ഊര്‍ജ്ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു. ബാങ്കിംഗ് സ്വാപ് ടെണ്ടര്‍ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *