പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്

പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനാണ് മുഖ്യസൂത്രധാരണ. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമൽ ബാബുവിനും ഡിവൈഎഫ്ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബോബ് നിര്‍മാണത്തിലും സ്‌ഫോടനത്തിലും പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴാണ് ഇപ്പോഴും ഡിവൈഎഫ്ഐയിൽ ഭാരവാഹിത്വം ഉള്ള ആളുകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും അവരുടെ അറസ്റ്റ് അടക്കം രേഖപ്പെടുത്തുകയും ചെയ്തത്. അറസ്റ്റിലായ സായൂജ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിട കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്‌. വിനീഷും മരിച്ച ഷെറിനും സിപിഎം പ്രവര്‍ത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്.

അതേസമയം സ്ഫോടനത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *