ഉത്തര്‍പ്രദേശില്‍ ഏഴ് വര്‍ഷം മുമ്ബ് കൊല്ലപ്പെട്ട യുവതി മരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തല്‍


ഉത്തര്‍പ്രദേശില്‍ ഏഴ് വര്‍ഷം മുമ്ബ് കൊല്ലപ്പെട്ട യുവതി മരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തല്‍. യു.പിയിലെ ഹാഥ്റസില്‍ വിവാഹ ജീവിതം നയിക്കുന്നയാളും ഏഴ് വര്‍ഷം മുമ്ബ് കൊല്ലപ്പെട്ടുവെന്ന പറയുന്ന സ്ത്രീയും ഒരേയാളാണെന്ന് പൊലീസ് കണ്ടെത്തിയത്.യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വിഷ്ണുവെന്ന യുവാവ് ജയിലിലാണ്.


പങ്കാളിയെ വിവാഹം ചെയ്ത് യുവതി ഗ്രാമം വിടുകയും ഹാഥ്റസിലേക്ക് താമസം മാറുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ‘കൊല്ലപ്പെട്ട’ പെണ്‍കുട്ടി ഹാഥ്റസില്‍ വിവാഹജീവിതം നയിക്കുന്നവെന്ന കാര്യം കേസില്‍ ‘പ്രതി’യായി ജയിലില്‍ കഴിയുന്ന വിഷ്ണുവിന്റെ അമ്മ കണ്ടെത്തുകയായിരുന്നു. ഇവരാണ് വിവരം ആദ്യം പൊലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.


യുവതിയുടെ ഡി.എന്‍.എ പരിശോധന നടത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.ഏഴ് വര്‍ഷം മുമ്ബ് യുവതിയെ കാണാതായതിനുപിന്നാലെ പ്രദേശത്തുനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് യുവതിയുടേതാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷ്ണുവിനെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചത്.



Sharing is Caring