തിരുവനന്തപുരത്ത് ബൈക്കിലെത്തി സ്ത്രീകളെ കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ബൈക്കിലെത്തി സ്ത്രീകളെ കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൂവാറിലാണ് സംഭവം. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയെയാണ് (19) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വർഗീസിനായുള്ള തെരച്ചിൽ ഊർജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെയാണ് ഇവർ കൊള്ളയടിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30ഓടെ വഴിയാത്രക്കാരി കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പേഴ്സും മോഷ്ടിക്കപ്പെട്ടു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ കരിച്ചൽ സ്വദേശിയായ 82കാരൻ സാമുവലും വെള്ളിയാഴ്ച കൊള്ളയടിക്കപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോദ (65) ബാങ്കിൽ നിന്ന് വീണ്ടെടുത്ത നാല് പവന്റെ പണയാഭരണവും 9,000 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പേഴ്സും ഇവർ കവർന്നിരുന്നു. സി.സി.ടി.വി ഇല്ലാത്ത വിജനമായ പ്രദേശമാണ് ഇവർക്ക് പിടിച്ചുപറിക്ക് തിരഞ്ഞെടുക്കുന്നത്. പൊലീസ് അന്വേഷണത്തിനിടെ സംശയകരമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പിടിച്ചുപറിയുടെ ചുരുളഴിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *