സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു

സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഡയാലിസിസിന് ഉള്‍പ്പെടെ വിധേയനാക്കിയിരുന്നു. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ. സില്‍സില, ചാന്ദ്‌നി ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി. 1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതില്‍ നല്‍കി രാജ്യം ആദരിച്ചു.

ഭോപ്പാലില്‍ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരില്‍ നിന്നുള്ള സന്തൂര്‍ എന്ന അധികമാര്‍ക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാര്‍ ശര്‍മയായിരുന്നു. ശര്‍മയിലൂടെയാണ് സന്തൂര്‍ സിതാറിനും സരോദിനുമൊപ്പമെത്തിയത്.

1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മയുടെ ജനനം. മികവാര്‍ന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം പിന്നീട് ബോളിവുഡ് ചിത്രങ്ങള്‍ക്കായി ഗാനങ്ങളുമൊരുക്കി. ശാന്താറാമിന്റെ ഝനക് ഝനക് പായല്‍ ബജേ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള കാല്‍വെപ്പ്.

1967 ല്‍ പുല്ലാങ്കുഴല്‍ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷന്‍ കാബ്രയുമായിച്ചേര്‍ന്ന് ശിവ്കുമാര്‍ ശര്‍മ പുറത്തിറക്കിയ കോള്‍ ഓഫ് ദ വാലി എന്ന സംഗീത ആല്‍ബം ഇന്ത്യന്‍ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായിത്തീര്‍ന്നു. ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സില്‍സില, ലംഹേ, ചാന്ദ്‌നി തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള കൂട്ടായ്മ ‘ശിവഹരി’ എന്ന പേരിലാണ് അറിയപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *