പാലക്കാട് ബാറിൽ വെടിവെയ്പ്പ്. കാവശ്ശേരി കല്ലേപ്പുള്ളിയിലെ ചിത്രാപുരി ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. ബാറിലെ സർവീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാർ മാനേജർക്ക് നേരെ വെടിവെക്കുകയായിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11.30 ഓടെ ബാറിലേത്തിയ യുവാക്കൾ സർവീസ് മോശമാണെന്ന് ആരോപിച്ച് ജീവനകരുമായി തർക്കമുണ്ടായി. ബാറിലെ കസേരകൾ അടക്കം തകർത്ത യുവാക്കളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് ജീവനക്കാർ വിട്ടയച്ചത്. ശേഷം യുവാക്കൾ സുഹൃത്തുകളായ ക്വട്ടേഷൻ സംഘവുമായി ബാറിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബാർ മാനേജർ രഘുനന്ദിനെ നേരെ വെടിവെപ്പ് ഉണ്ടായത്.ബാർ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 5 യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണെന്നാണ് വിവരം. കൂടുതൽ ചോദ്യം ചെയ്യുന്നതിനു ശേഷം ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. അതേസമയം, ആക്രമണത്തിൽ പരുക്കേറ്റ ബാർ മാനേജർ രഘുനന്ദൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.