ഇന്ത്യ-പാക് സംഘര്‍ഷം;പിഎസ്എല്‍ മത്സരങ്ങളുടെ വേദി മാറ്റി പാകിസ്ഥാന്‍


ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പിഎസ്എല്‍ മത്സരങ്ങളുടെ വേദി മാറ്റി പാകിസ്ഥാന്‍. പ്ലേഓഫും ഫൈനലും ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ബാക്കിയുളള മത്സരങ്ങള്‍ യുഎഇയില്‍ വച്ച് നടത്താനാണ് തീരുമാനം. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷങ്ങളില്‍ വിദേശ താരങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.


കഴിഞ്ഞ ദിവസം റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പിഎസ്എലില്‍ കറാച്ചി കിങ്‌സും പെഷവാര്‍ സാല്‍മിയും തമ്മിലുളള മത്സരം മാറ്റിവച്ചിരുന്നു.എട്ട് മത്സരങ്ങളാണ് പിഎസ്എലില്‍ ഇനി നടക്കാനുളളത്. ഈ മത്സരങ്ങള്‍ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ തുടങ്ങിയിടങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം പിഎസ്എലില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങാനുളള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ക്രിസ് ജോര്‍ദന്‍, സാം ബില്ലിങ്‌സ്, ടോം കറന്‍, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ടോം കോഹ്ലര്‍, ലൂക്ക് വൂഡ് എന്നീ ഏഴ് ഇംഗ്ലീഷ് താരങ്ങളാണ് പിഎസ്എലില്‍ കളിക്കുന്നത്.




Sharing is Caring