പി.ശ്രീരാമകൃഷ്ണന്‍ 14ാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ വി.പി.സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്.ഒരു വോട്ട് അസാധുവായി.
പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ്മ വോട്ടവകാശം വിനിയോഗിച്ചില്ല. യു.ഡി.എഫ് പക്ഷത്ത് നിന്നും ഒരു വോട്ട് ശ്രീരാമകൃഷ്ണന് ലഭിച്ചത് പ്രതിപക്ഷനിരകളെ അമ്പരപ്പിച്ചു. രണ്ടു മുന്നണികള്‍ക്കും വോട്ടു ചെയ്യില്ലെന്ന് നേരത്തേ വ്യക്തമാക്കിയ പി.സി.ജോര്‍ജ് ബാലറ്റ് പേപ്പര്‍ വാങ്ങിയ ശേഷം ഗുണന ചിഹ്നം രേഖപ്പെടുത്താതെ നാലായി മടക്കി പെട്ടിയിലിടുകയായിരുന്നു. ഈ വോട്ടാണ് അസാധുവായത്. ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തു എന്നാണ് വ്യക്തമാക്കിയത്. വോട്ട് ചോര്‍ന്നതെങ്ങനെയെന്ന അന്വേഷണത്തിലാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി

രാവിലെ സ്പീക്കറുടെ ഡയസില്‍ തയ്യാറാക്കിയ രണ്ട് താല്‍ക്കാലിക പോളിംങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഭരണപക്ഷത്തിന്റെ കൗണ്ടിംങ് ഏജന്റായ എ. പ്രദീപകുമാറിന്റെയും പ്രതിപക്ഷ കൗണ്ടിംങ് ഏജന്റായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.













