ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. പി ജയരാജനെ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യാജ തെളിവ് ഉണ്ടാക്കാന്‍ അന്ന് ജയില്‍മേധാവിയായ അലക്സാണ്ടര്‍ ജേക്കബ്ബിനോട് ആവശ്യപ്പെട്ടെന്നാണ് മംഗളംപത്രം പുറത്തുവിട്ട വാര്‍ത്ത. നിയമവിരുദ്ധമായ കാര്യംചെയ്യാന്‍ വിസമ്മതിച്ചതിനാലാണ് അദ്ദേഹത്തെ ജയില്‍മേധാവി സ്ഥാനത്തുനിന്ന് മാറ്റി അപ്രധാന തസ്തികയിലേക്ക് ഒതുക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ആഭ്യന്തരവകുപ്പിന്റെ രഹസ്യഫയലില്‍നിന്ന് അപ്രത്യക്ഷമായതായും വെളിപ്പെടുത്തുന്നു.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ പി ജയരാജനെ കുടുക്കാന്‍ മറ്റ് തെളിവുകളൊന്നും കിട്ടാതെ വന്നപ്പോഴാണ് വ്യാജതെളിവുണ്ടാക്കാന്‍ നിര്‍ദേശിച്ചത്. പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ഫോണും ഫെയ്സ്ബുക്കും വഴി ആശയവിനിമയത്തിന് ജയരാജന്‍ ഒത്താശചെയ്തുകൊടുത്തെന്നുവരുത്തിത്തീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, വിശദമായി അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. വ്യാജതെളിവ് ഉണ്ടാക്കുന്നതിന് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അലക്സാണ്ടര്‍ ജേക്കബ്ബ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ രഹസ്യഫയലില്‍നിന്ന് അപ്രത്യക്ഷമായെന്ന് വാര്‍ത്തയില്‍ പറഞ്ഞു. ഒരുപ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്നത്തെ ഭരണനേതൃത്വം ജയരാജനെ കുടുക്കാന്‍ നീക്കം നടത്തിയതെന്നും മംഗളം വാര്‍ത്തയിലുണ്ട്.തന്നെ കുടുക്കാന്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന രാഷ്ട്രീയഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.














