
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
