പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ യഥാസമയം മുന്നറിയിപ്പ് നൽകാൻ പോലും ബന്ധപ്പെട്ട സംവിധാനത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്തു നിന്ന് കെ. ബാബു എംഎൽഎയാണ് ഇക്കാര്യം ഉന്നയിച്ചത്. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നതിൽ എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ. ബാബു ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയോ എന്ന കാര്യവും പരിശോധിക്കണം. ജനങ്ങൾ വലിയ ആശങ്കയിലാണ്. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണം. പാറഖനനം സംബന്ധിച്ച് വിദഗ്ധാഭിപ്രായങ്ങൾ തേടണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

മഴക്കെടുതിയിൽ 39 പേർക്കാണ് ജീവൻ നഷ്ടമായത്. ആറോളം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. കൊക്കയാറിലേയും കൂട്ടിക്കലിലേയും ദുരന്തം ഹൃദയഭേദകമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകും.
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കാനും സാധാരണ ജീവിതം തിരികെ കൊണ്ടുവരാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ. ബാബു കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *