മഞ്ഞുമലയുടെ ഒരു അറ്റം മാത്രമേ പുറത്ത് വന്നിട്ടുള്ളൂ;രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം ഗൗരവമുള്ളതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിലൂടെ മഞ്ഞുമലയുടെ ഒരു അറ്റം മാത്രം പുറത്ത് വന്നിട്ടുള്ളൂ എന്നാണ് മനസിലാകുന്നത്. വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പൊതു സമൂഹത്തോട് പറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടെ തര്‍ക്കം ഉണ്ടെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. അതിനാല്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കമുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണെ എന്നും ചെന്നിത്തല പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തത നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറു ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ എങ്കില്‍ എന്ന്? സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നിരാകരിച്ചിരുന്നോ? ഗവര്‍ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വെയ്ക്കുന്നതിന് മുമ്പ് വൈസ് ചാന്‍സലര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ, എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍? ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ? കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കാലാവധി തീരുന്നതിന് മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ, എന്നാണ് പട്ടിക സമര്‍പ്പിച്ചത്, ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? ഈ പട്ടികക്ക് ഇനിയും ഗവര്‍ണറുടെ സമ്മതം കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.

വാര്‍ത്താ സമ്മേളനത്തലാണ് രമേശ് ചെന്നിത്തല ഈ ചോദ്യങ്ങള്‍ ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *