ജറൂസലമിലെ ഇസ്രായേല്‍ ആക്രമണത്തിൽ ഒരു മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്

ജറൂസലമില്‍ ഇസ്രായേല്‍ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളില്‍ ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നാല് ബറ്റാലിയന്‍ ആര്‍മിയെ ജറൂസലമിലേക്ക് നിയോഗിക്കാനും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഹെബ്രോണില്‍ തങ്ങളുടെ വനിതാ സൈനിക കൊല്ലപ്പെട്ടതാണ് പ്രകോപന നടപടികള്‍ക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജറൂസലമിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ അക്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങള്‍. ജറൂസലമിനോട് ചേര്‍ന്ന ഐനുല്‍ ലാവ്‌സ, സില്‍വാന്‍ എന്നീ പ്രദേശങ്ങളില്‍ ഫലസ്തീന്‍ സമൂഹത്തിനു നേരെ ഇസ്രായേല്‍ സൈന്യം വലിയ തോതില്‍ അതിക്രമം നടത്തി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ബുധനാഴ്ച പതിനേഴുകാരന്‍ ഉസാമ അദാവി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ സൈനിക നടപടിക്കെതിരെ പ്രകടനം നടത്തിയ ഫലസ്തീന്‍കാര്‍ക്കു നേരെ സൈന്യം വിവേചനരഹിതമായി നിറയൊഴിക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്ബില്‍ കടന്നുകയറിയ ഇസ്രായേല്‍ സൈന്യം നിഷ്ഠുരമായ നടപടികളാണ് കൈക്കൊണ്ടത്. ജറൂസലമില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാല് സൈനിക ബറ്റാലിയനെ നിയോഗിക്കാനുള്ള ഇസ്രായേല്‍ നീക്കമെന്നും ഫലസ്തീന്‍ നേതൃത്വം കുറ്റപ്പെടുത്തി. ഈ വര്‍ഷം മാത്രം നൂറിലേറെ ഫലസ്തീന്‍കാരെയാണ് ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നത്. ഇവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മസ്ജിദുല്‍ അഖ്‌സക്കു മേല്‍ പിടിമുറുക്കാനും പ്രദേശത്തു നിന്ന് അറബ് വംശജരെ പുറന്തള്ളാനും ഇസ്രായേല്‍ ആസൂത്രിത നീക്കമാണ് നടത്തുന്നതെന്ന് വിവിധ ഫലസ്തീന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. ജറൂസലമിലെ പുതിയ സംഭവവികാസങ്ങളില്‍ അറബ് ലീഗും യൂറോപ്യന്‍ യൂനിയനും ആശങ്ക രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *