നഗരത്തിന്റെ മുക്കും മൂലയും ദീപപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നു. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് നാളെ (ഓഗസ്റ്റ് 27) തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നു എന്നത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടം.
ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കും. ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടര്‍ന്ന് ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും.














