കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഭക്ഷണ കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള കടുത്ത തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക.ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കും.
കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക.ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

2000 കോടി രൂപയാണ് സപ്ലൈകോയ്ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക. ഉടൻ 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് അഭ്യര്‍ഥിച്ചിട്ടും 250 കോടി രൂപ നല്‍കാനേ ധനവകുപ്പ് സമ്മതിച്ചിട്ടുള്ളൂ. ഈയാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സബ്‌സിഡിക്ക് വില്‍ക്കുന്നതില്‍ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങിയ സാധനങ്ങള്‍ മാത്രമേ സപ്ലൈകോയില്‍ ശേഖരമുള്ളൂ.
നേരത്തേ സാധനങ്ങള്‍ വാങ്ങിയതില്‍ 600 കോടി രൂപയാണ് വിതരണക്കാര്‍ക്കുള്ള കുടിശ്ശിക. ശേഖരം തീര്‍ന്ന സാധനങ്ങള്‍ വാങ്ങാൻ ഇ-ടെൻഡര്‍ വിളിച്ചപ്പോള്‍ വിതരണക്കാരും മടിച്ചു. ശേഖരം തീര്‍ന്ന സാധനങ്ങള്‍ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ വിതരണക്കാര്‍ ഉടൻ ലഭ്യമാക്കുമെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.













