ഒമിക്രോണ്‍ ;സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യവ്യാപകമായി ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലേക്കെന്ന സുചനകള്‍ നല്‍കുന്നതാണ് രോഗ സ്ഥിരീകരണ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.

325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *